എന്റെ ഗ്രാമം
വരും ഒരുനാളില്‍ ഞാനെന്‍ പ്രിയ ഗ്രാമമേ,
ഓര്‍മ്മകള്‍ ഓടിയെത്തും നിന്‍ ഹൃദയമാവാന്‍!
അകലെയാണു ഞാന്‍ പിറന്ന മണ്ണെങ്കിലും
എന്‍ ജീവനായ് എന്നും നീ കൂടെയുണ്ട്.
മണലാരണ്യത്തിന്‍ ചൂടുകാറ്റേറ്റ്
ജീവിതയാത്രയില്‍ ഓടിത്തളരുമ്പോളെന്‍
ഗ്രാമസംഗീതം പുതുമഴയായെങ്കിലെന്നെന്‍
മാനസാം വേഴാമ്പലാശിച്ചുപോയി.
ഓര്‍മ്മ വളരും ഹരിത പാടങ്ങളില്‍
മറവി മായ്ക്കാത്ത വയല്‍ വരമ്പില്‍
തേടിയലഞ്ഞു നിന്‍ കൈവിരല്‍ത്തുമ്പില്‍
ഞാന്‍ നടന്നകന്നൊരെന്‍ കാല്‍പ്പാടുകള്‍ .
മഴവെള്ളപ്പാച്ചിലില്‍ ഒഴുകുമെന്‍
കടലാസു തോണിയിലേറെത്തുഴഞ്ഞു ഞാന്‍
ആത്മസൗഹൃദ സ്നേഹതീരത്തണഞ്ഞു;
അക്ഷരങ്ങള്‍ കൊണ്ടന്ധകാരമകറ്റി അന്നം തേടാന്‍
വഴിവിളക്കായ വിദ്യാലയങ്ങളെ നമസ്ക്കരിച്ചു.
വെയിലില്‍ വാടാതെ നട്ടുനനച്ച ചെടിയില്‍
നിന്നിഷ്ടപുഷ്പങ്ങള്‍ അടര്‍ന്നു വീഴുന്നതും
മിഴിനീര്‍ പുഴയില്‍ മഴവില്‍പ്പാലം വീണുടയുന്നതും
നിസ്സഹായനായ് ഞാന്‍ നോക്കി നിന്നൂ.
പൊന്‍കതിര്‍ തഴുകിയെത്തും കുളിര്‍കാറ്റില്‍
ഓര്‍മ്മപൂക്കുന്ന കുന്നിന്‍ മുകളിലും
ചെരിവിലും താഴ്വാരത്തോപ്പിലും
ഇതളിട്ട ചന്ദനഗന്ധിയാം ഗ്രാമഭംഗി,
എന്‍ പിന്‍യാത്രയില്‍ ഒരു ചന്ദ്രബിംബമായ്
എന്നെക്കൊതിപ്പിച്ച ജീവിതച്ചോലയില്‍
ഗതകാലമുലഞ്ഞതും ഞാനറിഞ്ഞൂ.
ബാല്യകൗമാരം നിന്‍ ചിറകിലൊതുങ്ങി ഞാന്‍
ലഹരി പകര്‍ന്നോടിയെന്‍ യൗവ്വനം
പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി.
ഗ്രാമീണ സൗഭാഗ്യം പണയപ്പെടുത്തി
നഗരങ്ങള്‍ താണ്ടി, സാഗരം താണ്ടി
ഞാന്‍ സ്വരൂപിച്ച സമ്പാദ്യമെല്ലാം
തീരാനഷ്ടമാണെന്നു തിരിച്ചറിഞ്ഞു
വിലപിച്ച നേരം അറിയാതെ ചോദിച്ചുപോയി:
"ഒരുമാത്ര ഞാന്‍ നിന്നെ മറന്നുവോ?
അല്ലെങ്കില്‍ നീയെന്നെ മറന്നുവോ?"
ഇനി, നീയെന്നെ മറന്നാലും,
ഞാന്‍ നിന്നെ മറക്കില്ല മരിക്കുവോളം.
ഇത്തിരി നേരം തരൂ, അമ്മ മലയാളഗ്രാമമേ;
നിന്‍ മടിത്തട്ടില്‍ തല ചായ്ച്ചുറങ്ങുവാന്‍
പഴയ മുത്തശ്ശിക്കഥയൊന്നു കേള്‍ക്കുവാന്‍
ഈ സായാഹ്നവേളയില്‍ മോഹിച്ചുപോയി ഞാന്‍
ബാല്യത്തിലേക്കൊന്നു തിരികെ മടങ്ങുവാന്‍ .
നീ പകര്‍ന്ന സ്നേഹവാത്സല്യവും ബഹുമതിയും
നിനക്കായര്‍പ്പിച്ചെന്‍ അന്ത്യയാത്രയോളം
നിന്‍ ചാരെയിരുന്നു നിന്നെ പ്രണയിക്കുവാന്‍
വരും ഒരുനാളില്‍ ഞാനെന്‍ പ്രിയ ഗ്രാമമേ,
ഓര്‍മ്മകള്‍ ഓടിയെത്തും നിന്‍ ഹൃദയമാവാന്‍ !!!
Comments
Post a Comment