വാക മരം
കോളേജ് ലൈബ്രറിയുടെ നടകൾ ഇറങ്ങി വരുമ്പോൾ തണൽ വിരിക്കുന്ന ഒരു വാകമരം ആണ് ഞാൻ . ഇന്ന് പുതിയ അധ്യയന വര്ഷം കൂടി തുടങ്ങുകയാണ്. ഏകദേശം ഇരുപതു വര്ഷം മുൻപ് ഇതുപോലൊരു ദിവസമാണ് എന്റെയും തുടക്കം .
നാടാൻ വച്ചിരിക്കുന്ന മരങ്ങളുടെ ഇടയിൽ നിന്നും എന്നെ എടുത്തു അവൾ നടന്നു . മീശ മുളച്ചു വരുന്ന ഒരു പയ്യൻ കൈകോട്ട് ഉപയോഗിച്ച് പാറപോലെ തറഞ്ഞു കിടന്ന വെട്ടുകൽ കിളച്ചു താഴ്ത്താൻ തുടങ്ങി . അവന്റെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു . അവനെ തന്നെ നോക്കികൊണ്ട് ഒരു കൂടയിൽ വളർത്തിയ ഞാൻ മറിഞ്ഞു പോകാതെ അവൾ പിടിച്ചു കൊണ്ട് നിന്നു .
അവന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ മണ്ണ് കീഴടങ്ങി . കൂട പൊട്ടിച്ചു എന്നെ കുടിയിരുത്തി . പൂജക്ക് പൂക്കൾ അർപ്പിക്കുന്നത് പോലെ അവൾ എന്റെ വേരുകൾക്ക് ചുറ്റും മണ്ണ് വിതറി . ചോറ്റുപാത്രത്തിle vellam എന്റെ ദാഹം ശമിപ്പിച്ചു .
മണ്ണിടുമ്പോൾ അവരുടെ വിരലുകൾ കൂട്ടിമുട്ടി . ഞാൻ അവളുടെ മുഖം ശ്രദ്ധിച്ചു, അസ്തമന സൂര്യന്റെ കുങ്കുമം മുഴുവൻ വാരി വിതറിയത് പോലെ തോന്നി . പിന്നീടുള്ള രണ്ടുവര്ഷങ്ങൾ ഞാൻ അവരുടെ പ്രണയവും പരിഭവവും കണ്ടു . വെള്ളവും വളവും നൽകിയുള്ള പരിചരണത്തിൽ ഞാൻ രണ്ടു മൂന്നടി കൂടി വളർന്നു .
അങ്ങനെ ആ ദിവസം വന്നെത്തി , വേർപിരിയലിന്റെ ദിവസം . രണ്ടു തുള്ളി കണ്ണുനീരിൽ ഒതുങ്ങിയില്ല അവളുടെ സങ്കടം , ആശ്വാസ വാക്കുകൾക്ക് അവനും പരതി . ഒരു നോട്ടത്തിൽ രണ്ടു പേരും എന്നോട് യാത്ര പറഞ്ഞു . പിന്നീട് റിസൾട്ട് വന്നദിവസം ഒരു നോക്ക് കാണാൻ ഞാൻ കാത്തിരുന്നു . ദൂരെ ഒരു മിന്നായം പോലെ അവളുടെ മുഖം കണ്ടു . ഒരു മഴക്കുള്ള കോള് അവളുടെ കണ്ണുകളിൽ ഉണ്ടെന്നു തോന്നി . പിന്നെ അവർ മറഞ്ഞു .
കലണ്ടറിലെ വർഷങ്ങൾ മാറി വന്നു . എന്റെ കമ്പുകൾ ശിഖിരങ്ങൾ ആയി , പൂക്കൾ പൊഴിച്ച് തുടങ്ങി . ഇണക്കുരുവികൾ എന്റെ ചില്ലയിലും നിഴലിലും ചേക്കേറി . പക്ഷെ ആദ്യ പ്രണയം അതൊരു നീറ്റൽ ആയി കിടന്നു . ആ രണ്ടു മുഖങ്ങൾ ഞാൻ തിരഞ്ഞു കൊണ്ടേ ഇരുന്നു .
കഥക്കിടയിൽ ഞാൻ ഞാൻ പകൽ കിനാവ് കാണുകയാണോ ? അതാ അവർ വരുന്നു . അതേ മുഖം അതേപ്രായം. അല്ല കിനാവില്ല അവർ എന്റെ അടുത്ത് വന്നു . " ഇതായിരിക്കും അച്ഛനും അമ്മയും കൂടി വച്ച മരം " ആ പെൺകുട്ടി പറഞ്ഞു . അവൾ പറഞ്ഞത് അവൻ ശരിവച്ചു . അൽപ്പ സമയം അവർ ആ തണലിൽ നിന്നു . പുതിയ സഹപാഠികളോട് അവരുടെ പഴയ സഹോദരന്റെ കാര്യം പറഞ്ഞു . കണ്ണുകൾ ഉണ്ടായിരുങ്കിൽ ഞാൻ കരഞ്ഞേനേം .
രണ്ടു ദിവസം കഴിഞ്ഞു ഒരു വൈകുന്നേരം മൈതാനത്തു ഒരു വണ്ടി വന്നു നിന്നു . അതിൽ നിന്നും അവർ നാലുപേരും ഇറങ്ങി . എന്റെ സന്തോഷം കണ്ടുവോ ? അവർ അടുത്തെത്തി . എന്റെ ചുമലിൽ തലോടി , ഇരുപതു വര്ഷം മുൻപുള്ള അതെ സ്നേഹ സ്പർശം . മടങ്ങി പോകുന്നതിനു മുൻപ് ഒരു ഇളം കാറ്റ് ഇലയിൽ ഒളിച്ചിരുന്ന ഒരു തുള്ളി വെള്ളം അവളുടെ നെറ്റിൽ വീഴിച്ചു . അവൾ തലയുയർത്തി നോക്കി . ആ മുഖത്ത് അപ്പോഴും കുംങ്കുമം വിതറിയിരുന്നു .
Comments
Post a Comment