കുറിച്യരും ചരിത്രവും Kurichya history
കുറിച്യരും
ചരിത്രവും
:അജയ് വാളാട്
വയനാട് ,കണ്ണൂർ ജില്ലകളിൽ അധിവസിക്കുന്ന പ്രധാനപ്പെട്ട ആദിവാസി ജനവിഭാഗങ്ങളിൽ പെട്ടവരാണ് കുറിച്യർ അഥവാ മലബ്രാഹ്മണർ. ആദിവാസികളിലെ ഏറ്റവും ഉയർന്നജാതിയായിട്ടാണ് കുറിച്ച്യരെ കണക്കാക്കുന്നത്. കൃഷിയും വേട്ടയാടലും ജീവിതരീതികളായി കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ പ്രത്യേക കണ്ണിയായ ഇവര്‍ മികച്ച വില്ലാളികളും നായാട്ടുകാരുമാണ്.
ഇന്ന് കേരളത്തിൽ നിലവിലുളള ഏറ്റവും വലിയ കൂട്ടുകുടുംബങ്ങൾ വയനാട്ടിലും കണ്ണൂരുമുള്ള കുറിച്യരുടേതാണ്.”മിറ്റം” എന്നാണ് കുറിച്യരുടെ കൂട്ടുകുടുംബങ്ങൾ അറിയപ്പെടുന്നത്. കുറിച്യര്‍ എന്ന ഈ വിഭാഗം ആളുകള്‍ ജനനംകൊണ്ടത്തിനു പിന്നില്‍ ഒരു കഥയുണ്ട്. കുറുമ്പനാട് രാജാവും കോട്ടയം രാജാവും വയനാട്ടിലെ വേട രാജാക്കന്മാർക്കെതിരെ യുദ്ധം ചെയ്തു. (കോട്ടയം എന്ന് പറയുന്നത് നമ്മുടെ മധ്യകേരളത്തിലെ കോട്ടയമല്ല. ഇത് കണ്ണൂരിലെ ഒരു സ്ഥലമാണ്.) അവരുടെ സൈന്യത്തിൽ തിരുവിതാംകൂറുകാരായ അനേകം പടയാണികളും ഉണ്ടായിരുന്നു. യുദ്ധംജയിച്ചശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരെ കാട്ടിൽ കഴിഞ്ഞതിനാൽ അശുദ്ധരായി എന്ന് പറഞ്ഞ് നാട്ടുകാർ പുറത്താക്കി.
ശരണാർത്ഥം കോട്ടയം രാജാവിന്റെ അടുത്തെത്തിയ അവരെ കാട്ടിൽ കൃഷി ചെയ്യാൻ രാജാവ് അനുവദിക്കുകയും അവർ പിന്നീട് കുറിച്യരായി മാറുകയും ചെയ്തുശരിക്കും കണ്ണൂരിലായിരുന്നു കുറിച്യര്‍ ധാരാളമായി വസിച്ചിരുന്നത്. എന്നാല്‍ കാലക്രമേണ അവരില്‍ ചിലര്‍ തൊട്ടടുത്തുള്ള വയനാടന്‍ കാടുകളിലേക്കും കുടിയേറി. അങ്ങനെയാണ് വയനാട് ജില്ലയിലും കുറിച്യര്‍ ധാരാളമായി ഇന്ന് കാണപ്പെടുന്നത്.
പണ്ടുകാലത്ത് പഴശ്ശിരാജാവിനുമായി കുറിച്യർക്ക് അഭേദ്യമായി ബന്ധമുണ്ടായിരുന്നു. ആ ബന്ധം ചരിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്. ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാൻ പഴശ്ശി രാജാവിന് സർവ്വ സഹായവും നൽകിയത് വയനാട്ടിലെ കുറിച്യ വിഭാഗത്തിൽ പെട്ടവരായിരുന്നു. തലയ്ക്കൽ ചന്തു തുടങ്ങിയ പോരാളികൾ ഇവരുടെ പൂർവികരാണ്. അമ്പും വില്ലും കുറിച്യരുടെ ജീവിതത്തിൽ ഒരു അവിഭാജ്യ ഘടകമാണ്.അമ്പെയ്ത്തിൽ പ്രാഗൽഭ്യം ഉള്ളവരാണ് ഇവർ. കുറിച്യർ എന്ന വാക്കിന്റെ അർത്ഥവും ഇതിനെ സൂചിപ്പിക്കുന്നു. കുറി, ച്യർ എന്നീ രണ്ടു പദങ്ങൾ കൂടിചേർന്നാണ് കുറിച്യർ എന്ന വാക്ക് രൂപം കൊണ്ടത്. “കുറി” എന്നാൽ ലക്ഷ്യം എന്നും “ച്യർ” എന്നാൽ ജനങ്ങൾ എന്നും അർത്ഥം വരുന്നു. ഒരു വില്ലും പത്തോ ഇരുപതോ അമ്പുകളും എപ്പോഴും ഒരു കുറിച്യന്റെ കൈവശമുണ്ടാകും. ഇവ ഉപയോഗിച്ചാണ് കുറിച്യരുടെ നായാട്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങളിലും അമ്പിനും വില്ലിനും വലിയ പ്രാധാന്യമുണ്ട്. ഒരു കുട്ടി ജനിക്കുന്ന സമയത്ത് അതിന്റെ വില്ല് കുലച്ച് ഞാണൊലി കേൾപ്പിക്കുക എന്ന ചടങ്ങ് ഇവർക്കിടയിലുണ്ട്. കുറിച്യൻ മരിച്ചാൽ കുഴിമാടത്തിൽ അമ്പും വില്ലും കുത്തി നിർത്തുന്നു.
കുറിച്യരുടെ ജീവിതത്തിൽ എല്ലാത്തിനും ഒരു അടുക്കും ചിട്ടയുമൊക്കെയുണ്ട്. കൂട്ടുകുടുംബമായി താമസിക്കുന്നവരാണ് ഇവരിലധികവും.
മറ്റു ജാതിക്കാരെ അയിത്തം കല്പിച്ചവരായിരുന്നു കുറിച്യർ. താഴ്ന്ന ജാതിക്കാരെയും ഉയർന്ന ജാതിക്കാരെയും കണ്ടാൽ മുങ്ങി കുളിച്ചാൽ മാത്രമേ വീട്ടിൽ പ്രേവേശിക്കുള്ളു.അതുകൊണ്ടാണ് കുറിച്യർ മലബ്രഹ്മണർ എന്നറിയപ്പെടുന്നത്.
കുറിച്യരുടെ തറവാട്ടിൽ ഒരു കാരണവർ ഉണ്ടാകും. കാരണവരുടെ തീരുമാനങ്ങളെ ആരും ചോദ്യം ചെയ്യാറില്ല. പ്രായമായ പുരുഷന്മാർ(പൂപ്പൻ ) മുടി കുടുമി കെട്ടിവയ്‌ക്കുകയും കാതിൽ കടുക്കനണിയുകയും ചെയ്യും. ഇവർ ഒരു കുപ്പായം ധരിക്കുകയും ചെയ്യുന്നു. സ്‌ത്രീകൾ(പിട്ടത്തി )ഒരു മുണ്ട് ഉടുക്കുകയും മറ്റൊരു മുണ്ട് തോളിലൂടെ ചെരിച്ച് കെട്ടിവയ്‌ക്കുകയും ചെയ്യുന്നു. ഒരു ചെറിയ മൂക്ക് കുത്തിയുണ്ടാകും. കൈയ്യിൽ ഒന്നോ രണ്ടോ ഇരുമ്പ് വളകളും കഴുത്തിൽ നേരിയ ഒരു മാലയോ അല്ലെങ്കിൽ ഒരു ചരടോ ഉണ്ടാകും. കുറിച്യർ തറവാടുകൾ അധികവും ഓടിട്ടവയാണ് (ഇന്ന് വാർപ്പ് വീടുകളുമുണ്ട് ). അടുക്കളയിൽ അടുപ്പിന് മുകളിൽ ഓട്‌കൊണ്ടോ മുളകൊണ്ടോ മെടഞ്ഞുണ്ടാക്കിയ "വറഞ്ചി" കാണും. പലതരത്തിലുള്ള വസ്‌തുക്കൾ ഉണക്കിയെടുക്കാൻ ഇത് ഉപകരിക്കുന്നു.അത് എടുത്ത് വച്ച് സൂക്ഷിക്കുന്നത് കൂട്ടയിലാണ് (മുള കൊണ്ടുള്ള കൊട്ട ).
കുറിച്യർതറവാടുകളിലെല്ലാം തന്നെ വിശാലമായ മുറ്റമുണ്ടാകും. മുറ്റത്തേക്ക് കയറാൻ നടകളും മുറ്റത്തിന്റെ അരികുകളിൽ ചെറിയ മതിൽ നിർമ്മിച്ച് നിലംതല്ലി ഉപയോഗിച്ച് അടിച്ചുറപ്പിക്കുന്നു. മുറ്റവും നടയുമെല്ലാം ചാണകം ഉപയോഗിച്ചു മെഴുകുന്നു.
കുറിച്യർക്ക് പണ്ട് 101 തറവാടുകൾ ഉണ്ടെന്നാണ് കണക്ക്, കലക്രമേണ 57 കുടുംബ കുലങ്ങളെ ഇപ്പോൾ നില നിലനിൽക്കുന്നുള്ളൂ. അതിൽ ബന്ധു പന്തി തരം തിരിച്ചിരിക്കുന്നു. അതിൽ കുടുംബങ്ങൾ നോക്കിയാണ് വിവാഹം കഴിക്കാൻ സാധിക്കുകയുള്ളൂ.
സ്വന്തമായി കൃഷിസ്‌ഥലമുള്ളവരാണിവർ. കുടുംബാംഗങ്ങൾ എല്ലാവരും ചേർന്നാണ് കൃഷിയിറക്കുന്നത്. ഇവരുടെ ഒരു പ്രത്യേകത സ്വന്തം കൃഷിയിടത്തിൽ ഉണ്ടാക്കുന്ന വസ്‌തുക്കൾ മാത്രമെ കഴിവതും കഴിക്കുകയുള്ളൂ എന്നതാണ്. എല്ലാതരം കൃഷിയും ചെയ്യുമെങ്കിലും പ്രധാന കൃഷി നെല്ലാണ്. ഇങ്ങനെ ഇവർ കൃഷി ചെയ്‌തെടുക്കുന്ന നെല്ല് രണ്ട് വിധമുണ്ട്. ഒരു പുഴുക്കൻ, ഇരുപുഴുക്കൻ എന്നിവയാണവ.
കന്നുകാലികളെ കൂട്ടത്തോടെയും അല്ലാതെയുമെല്ലാം ഇവർ വളർത്താറുണ്ട്. എരുമ, പോത്ത് എന്നിവയാണ് ഇതിൽ പ്രധാനം. പരമ്പരാഗതമായി ഇവർ വലിയ വേട്ടക്കാരാണ്. വനഭൂമിയും വന്യമൃഗങ്ങളും കുറഞ്ഞ് വന്നതോടെ സർക്കാർ വേട്ടയാടൽ നിരോധിച്ചെങ്കിലും എല്ലാവർഷവും തുലാം 10-ാം തിയതി ഇവർക്ക് വേട്ടയാടാനുള്ള അവകാശം സർക്കാർ അനുവദിച്ചിരിക്കുന്നു.
മരക്കുറ്റികൊണ്ടോ മരത്തിന്റെ കാതൽ കൊണ്ടോ ആണ് മൊട്ടമ്പ് തയ്യാറാക്കുന്നത്. ഈ അമ്പേറ്റ് കഴിഞ്ഞാൽ ക്ഷതമോ, ചതവോ സംഭവിക്കും. പൊതുവെ ചെറുകിട മൃഗങ്ങളെ പിടിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. സാധാരണ അമ്പ് (പൂളാമ്പ്) പക്ഷികളെയും മറ്റും ജീവനോടെ പിടികൂടുവാനാണ് ഉപയോഗിക്കുന്നത്. തത്തയേയും മൈനയേയുമെല്ലാം ഇങ്ങനെ പിടികൂടി വളർത്താറുണ്ട് ഇവർ. അഥവാ എന്തെങ്കിലും ക്ഷതം സംഭവിച്ചാൽ പച്ചമഞ്ഞൾ അരച്ച് പുരട്ടി പരിക്ക് ഭേദമാക്കിയെടുക്കുന്നു. കുളക്കോഴിയേയും കാട്ട് കോഴിയേയും പിടികൂടാൻ പ്രത്യേകം കെണികളും ഇവർ ഉപയോഗിക്കാറുണ്ട്. മീൻ പിടിക്കാനും ഇവർക്ക് പ്രത്യേക സാമർത്ഥ്യമുണ്ട്. മീൻ പിടിക്കാൻ പോകുമ്പോൾ അരയിൽ കത്തിയും കയ്യിൽ മീൻകൂടയും കാണും. ഓട, മുള എന്നിവ ഉപയോഗിച്ചാണ് മീൻകുട നിർമ്മിക്കുന്നത്. ഇതിന്റെ വായ ഭാഗം ഇടുങ്ങിയതും ഉള്ളിലേക്ക് വിസ്‌താരമേറിയതുമാണ്. അഞ്ച് കിലോ മീനിനെ ഉൾകൊള്ളുന്നതാണ് ഈ മീൻകുട. മീൻകൂടയിൽ 3 ദിവസം വരെ മീൻ കേടുകൂടാതെ ഇരിക്കും. ദിവസത്തിൽ ഒന്നോ രണ്ടോ തവണ കുറച്ച് വെള്ളം തളിച്ചാൽ മതിയെന്നുമാണ് ഇവർ പറയുന്നത്. ചൂണ്ടയാണ് മീൻ പിടിക്കാൻ കൂടുതലും ഉപയോഗിക്കുന്നത്. രണ്ടോ മൂന്നോ ചൂണ്ടകൾ അടുപ്പിച്ചടുപ്പിച്ച് പുഴക്കരയിൽ പുഴയിലേക്ക് ചായ്‌ച് കുത്തി നിർത്തും. എന്നിട്ട് നിലത്തിരുന്ന് കൊണ്ട് വെള്ളത്തിൽ ചൂണ്ടചരട് അനങ്ങുന്നുണ്ടോ എന്ന് ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചുകൊണ്ടിരിക്കും. കിട്ടുന്ന മീനുകളെ മേൽ പറഞ്ഞ മീൻകൂടകളിൽ നിക്ഷേപിക്കും. കൈതോടുകളിൽ മീനിനെ പിടിക്കാൻ കൂട് എന്ന ഒരുതരം കെണി ഉപയോഗിക്കുന്നു. ഓടയും, മുളയും കൊണ്ട് മെടഞ്ഞുണ്ടാക്കിയ ഇതിന് രണ്ടോ, മൂന്നോ മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുണ്ടാകും. ഇതിന്റെ ഒരു ഭാഗം തുറന്നും മറ്റേ വശം അടഞ്ഞുമിരിക്കും. ഉള്ളിലായി ചെറിയ ഒരു അറയുണ്ട്. ഇതിലേക്ക് കയറി പോകുന്ന മത്സ്യങ്ങൾക്ക് തിരിച്ചിറങ്ങാൻ കഴിയില്ല. മഴക്കാലത്താണ് കൂട അധികവും ഉപയോഗപ്പെടുത്തുന്നത്. ഇത് ഒഴുകിപോകാതിരിക്കാൻ കൂടിന്റെ രണ്ട് വശത്തും കുറ്റിയടിച്ച ശേഷം കയറിട്ട് ബന്ധിച്ച് നിർത്തും. കൂടിന്റെ തുറന്നവശം വെള്ളം ഒഴുകുന്ന ഭാഗത്തേക്ക് തിരിച്ചാണ് വയ്‌ക്കുന്നത്. മീനുകൾ ഒഴുക്കിനെതിരെ കയറി വരുന്നതാണ് ഇതിന് കാരണം. മഴക്കാലത്ത് മീൻ പിടിക്കാൻ പലതരം വലകളും ഉപയോഗിക്കുന്നു. “ത്തണ്ടാടി” “കൂത്ത്‌വല” “വീശ് വല” എന്നിവയെല്ലാം ഇതിൽ പെടും. മഴക്കാലത്തിന്റെ ആരംഭത്തിൽ തോടുകളിലൂടെ മീനുകൾ കൂട്ടമായി വയൽ പ്രദേശങ്ങളിൽ എത്തിചേരാറുണ്ട്. ഇതിനെ ഊത്തകയറൽ എന്നാണ് പറയുക. ഇങ്ങനെയെത്തുന്ന മീനുകളിൽ ചിലതിനെ കത്തി ഉപയോഗിച്ച് വെട്ടിപ്പിടിക്കുകയും അല്ലാത്തവയെ കോരുവല ഉപയോഗിച്ചും, കൈകൊണ്ടുമെല്ലാം പിടിക്കുകയാണ് പതിവ്.
തിരണ്ടു കല്ല്യാണത്തിനും താലികെട്ടു കല്ല്യാണത്തിനും കുറിച്യര്‍ക്ക് പ്രത്യേക ചടങ്ങുകളുണ്ട്. മരണാനന്തര ചടങ്ങുകളുടെ ഭാഗമായി പുലകുളിയും പ്രശ്നഹാരിയുടെ നേതൃത്വത്തില്‍ നട്ടം കുഴിച്ചെടുക്കല്‍ കര്‍മ്മങ്ങളും നടത്തും. മരിച്ചു കിടന്ന സ്ഥലത്തു നിന്ന് അല്പം മണ്ണ് എടുത്തുകൊണ്ട് കാര്‍മ്മികന്റെ നേതൃത്വത്തില്‍ നടത്തുന്ന ചടങ്ങാണിത്. മന്ത്രവാദത്തില്‍ വലിയ വിശ്വാസമാണ് കുറിച്യര്‍ക്ക്.
മകരസംക്രമത്തിന് നടത്തുന്ന ഉച്ചാരല്, കൃഷി ചെയ്തുണ്ടാക്കിയ പുതിയ നെല്ലരി ആദ്യമായി പാകം ചെയ്തു കഴിക്കുന്ന പുത്തരി, തിരുവോണം എന്നിവയാണ് കുറിച്യരുടെ മറ്റു പ്രധാന ആഘോഷങ്ങള്‍. കണ്ണൂരിലെ വനമേഖലയിലെ വിശ്വാസ പ്രക്രിയയുമായി കുറിച്യര്‍ക്ക് ബന്ധമുള്ളതായി കാണാം. മുത്തപ്പന്റെ ആരൂഢസ്ഥാനമായ പുരളിമല ക്ഷേത്രവുമായി കുറിച്യര്‍ക്ക് അഭേദ്യമായ ബന്ധമുണ്ട്. കൊട്ടിയൂരിലെ സ്വയംഭൂവായ ശിവലിഗം കണ്ടെത്തിയത് ഒരു കുറിച്യനാണെന്നാണ് വിശ്വാസം.
കുറിച്യരുടെ ഒരോ തറവാടിനും ഓരോ കുലദൈവമുണ്ട്. ഒരോ ദൈവത്തിന്റേയും തിറ കെട്ടിയാടാറുണ്ട്. മലക്കാരിയാണ് കുറിച്യരുടെ പ്രധാന ആരാധനാ മൂര്‍ത്തി. അമ്പും വില്ലുമാണ് ഈ ദൈവത്തിന്റെ ആയുധം. ദുഷ്ടജീവികളില്‍ നിന്നും ദുര്‍ദേവതകളില്‍ നിന്നും കുറിച്യരെ രക്ഷിക്കുന്നത് മലക്കാരിയാണെന്നാണ് ഇവരുടെ വിശ്വാസം. മലക്കാരിയുടെ തിറ കെട്ടിയാടിക്കാറുണ്ട്. മലക്കാരി തിറക്കുള്ള പ്രധാന ചടങ്ങാണ് കുംഭപ്പാട്ട്. കാട്ടില്‍ നിന്നും ഏഴു് മുട്ടുള്ള മുള വെട്ടി കൊണ്ടുവന്ന് അതില്‍ ദ്വാരമുണ്ടാക്കി കള്ള് നിറക്കും. കള്ളു് നിറച്ചതിന് ശേഷം ചൂരല്‍ കൊണ്ട് കെട്ടി വെക്കും. മലക്കാരിക്കുള്ള നിവേദ്യമാണിത്. നിവേദ്യം തിറ സ്വീകരിക്കുന്നതോടെ പാട്ട് ആരംഭിക്കും. തുടര്‍ന്ന് പാടുന്ന പാട്ടാണ് കുംഭപ്പാട്ട്.
കുറിച്യരുടെ ഇടയില്‍ പ്രചാരമുള്ള തനി നാടന്‍ ഭാഷയിലാണ് പാട്ട്. പ്രത്യക താളവും ഇതിനുണ്ട്.
മലക്കാരിയുടെ അവതാരകഥ പാട്ടില്‍ വിശദീകരിക്കുന്നതായി കാണാം. ചെണ്ടയാണ് പ്രധാന വാദ്യമായി ഉപയോഗിക്കുന്നത്. പ്രത്യേക താളത്തിലാണ് വാദ്യം ഉപയോഗിക്കുന്നത്
ഭഗവതിയുടെ ഓണമെന്ന വിളിപ്പേരില്‍ കാലാന്തരങ്ങളായി കുറിച്യര്‍ തറവാട്ടില്‍ കൊണ്ടാടുന്ന ഒരു ഉത്സവമാണ് പോതിഓണം. ’ദേവീടെ ഓണം എന്ന അര്‍ത്ഥത്തിലാണ് മൂന്നാം ഓണത്തെ പോതിഓണം എന്ന് വിശേഷിപ്പക്കുന്നത്. മലക്കാരി ദേവനും തെയ്യംതമ്പായി, പൊതീ, (മുത്തശ്ശി ) നെകല് (മുനി )
കുറിച്യരുടെ ദൈവങ്ങള്‍.ഓണ ദിവസം ഭഗവതിക്കുളളതായി പഴമക്കാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. അത്തം മുതല്‍ പച്ചക്കറി മാത്രമാണ് കുറിച്യര്‍ ഉപയോഗിച്ചിരുതെങ്കില്‍ പോതീ ഓണദിവസം മത്സ്യമാംസാദികളുമുണ്ടാവും. പണ്ടൊക്കെ നായാട്ട് നടത്തിയുളള ഇറച്ചിയും വയലിലെ തോട്ടില്‍ ചിറകെട്ടി പിടിക്കുന്ന മീനുമായിരുന്നു കുറിച്യര്‍ ഉപയോഗിച്ചിരുന്നത്.
കുറിച്യരുടെ അടിസ്ഥാനപരമായ എല്ലാ ആചാരങ്ങളും കൃഷിയുമായി വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ഒരു വർഷത്തെ വിത്തിടൽ മുതൽ അടുത്തവർഷം വിത്തിടൽ വരെ നിരവധിയായ ചടങ്ങുകളുണ്ട്.
◾️വിത്ത് നോക്കി ഏഴു ദിവസം വെയിലും മഞ്ഞും കൊള്ളിച്ചു അറയിലും പത്തായത്തിലും വെക്കുന്നു.
◾️ ആദ്യകാലങ്ങളിൽ വിഷു കഴിഞ്ഞ ഉടൻ വിത്ത് ഇടും( എന്നാൽ ഇന്ന് കാലാവസ്ഥ വ്യതിയാനം മൂലം അത് പറ്റില്ല)
◾️ ദൈവങ്ങളെ മുമ്പ് ആക്കി വിത്ത് മുക്കും.
◾️വിത്തിടൽ. ( എല്ലാ ദിവസവും പറ്റില്ല)
◾️ ഞാറ് പറിക്കൽ കൽ
◾️നാട്ടി വെക്കൽ( എല്ലാവരെയും വിളിച്ച് ഉത്സവമായി ആഘോഷിക്കുന്നു.
◾️ പണി തീർക്കൽ( ചാംബ്ലുലുട്ട് ) ഇതിന് പിന്നിൽ കുറേ കാര്യങ്ങളുണ്ട് കൃഷിപ്പണിയിൽ ചത്തുപോയ ജീവികളെ അനുസ്മരിക്കൽ കൂടിയാണ്.
◾️ മകം കുളിപ്പിക്കാൻ
◾️ തുലാപ്പത്ത്
◾️പുത്തരി കയറ്റൽ
◾️കെയ് പിടിക്കൽ, വാരൽ
◾️വെള്ളോക്കൽ
◾️ വേതാ ഇടൽ
◾️ഇച്ചാരൽ
◾️അറ, കൂട്ട നിറയ് ക്കൽ( പുത്തരി കോള്)( തിറ ഉത്സവം)
◾️ കുളിയന് കൊടുക്കൽ,
ദൈവത്തിന് കൊടുക്കൽ,
ദൈവത്തിന് എണ്ണം കൊടുക്കൽ,
വിത്ത് തിരിക്കൽ,
പുത്തരി കോള് (പുത്തരി ഉത്സവം.)
ഒരാണ്ടിലേക്കുള്ള അരി നഞ്ചകൃഷിയിലൂടെ കുറിച്യർ സമാഹരിക്കുന്നത്. അതിൽ നിന്നും നീക്കി വെച്ച അരിയാണ് പുത്തരികോളിന് (ഉത്സവം ) ഉപയോഗിക്കുന്നത്.
കുറിച്ച്യ തറവാടുകളിലെ എല്ലാം ആഘോഷങ്ങളും ഇവർ ആരാധിക്കുന്ന ദൈവങ്ങളുടെ പ്രതിരൂപമായ നെക്കലിനോട് (മുനി ) ചോദിച്ചാണ് നടത്താറ്. അതും കാരണവന്മാരുടെ സാന്നിധ്യത്തിൽ മാത്രമാണ് നടത്താറ്.
ഇത്തരത്തിൽ കൃഷിയുമായി ഇന്നുള്ള തും അന്യം നിന്നു പോയതുമായ നിരവധി ആചാരങ്ങൾ ഉണ്ട്. ഇത് കാർഷിക സംസ്കാരത്തെയും ഭക്ഷ്യധാന്യ ത്തിന്റെ യും നിലനിൽപ്പിനെ അടിസ്ഥാനമാക്കിയാണ്. ഇത്തരത്തിലുള്ള എല്ലാ ആവശ്യത്തിനും ഇറച്ചി, മീൻ എന്നിവ അത്യാവശ്യമാണ്.
കൂട്ടുകുടുംബ വ്യവസ്ഥയിൽ ഇത് ഏറെക്കുറെ നിലനിന്നു പോകുന്നു. എന്നാൽ ഇന്ന് അണുകുടുംബ വ്യവസ്ഥയിൽ ഇത്തരത്തിലുള്ള അറിവുകൾ വരും തലമുറയ്ക്ക് ലഭിക്കാതെ പോകുന്നു. ഇത് ഈ സമൂഹത്തിന്റെ തകർച്ചയ്ക്ക് കാരണമാകുന്നു.
കുറിച്യരുടെ കാർഷിക വ്യവസ്ഥകൾ ദൈവവുമായി ഏറെ ബന്ധപ്പെട്ട ആണുള്ളത്. ഇത് വടക്കൻ പാട്ടിലും, കുംഭ പാട്ടിലും പറഞ്ഞിട്ടുണ്ട്. ഇതെല്ലാം വാമൊഴിയായി ലഭിക്കുന്ന അറിവുകളാണ് ഇത്തരത്തിൽ നിരവധിയായ ആചാരനുഷ്ഠാനങ്ങൾ കുറിച്യ സമൂഹത്തിലുണ്ട്.
കുറിച്യരും തിറയും
പുത്തരി കോള് കഴിഞ്ഞാൽ പിന്നെ തിറയാട്ടങ്ങളളുടെ കാലമാണ്.3 വർഷം തുടർച്ചയായി കോള് കഴിച്ചാൽ തിറ കഴിപ്പിക്കണമെന്നാണ് കുറിച്ച്യരുടെ സങ്കല്പം. പല കുറിച്ച്യ തറവാടുകളിലെ കുടുംബം ക്ഷേത്രങ്ങളിൽ തിറ നടത്താറുണ്ട്. ഉറഞ്ഞ് തുള്ളുന്ന പെർങ്കാലന്മാരും (കോമരം )തെയ്യങ്ങളും എല്ലാം കുറിച്യരുടെ ജീവിതുമായി വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. വയനാട്ടിലെ ഒട്ടുമിക്ക തിറ കെട്ടിയാടുന്ന ക്ഷേത്രങ്ങളിൽ കുറിച്യർക്ക് വലിയ അവകാശമുണ്ട്.വയനാട്ടിലെ പ്രധാനപെട്ട ഉത്സവമായ തോണിച്ചാൽ, മലക്കരി ദേവന്റെ തിറ വളരെ പ്രധാനപെട്ടതാണ്. വള്ളിയൂർ കാവിലും കണ്ണൂർ കൊട്ടിയൂരും കുറിച്ച്യരുടെ സാന്നിധ്യം കണാവുന്നതാണ്.
കാലത്തിന്റെ കടന്നുകയറ്റം ഇവരുടെ ജീവിത്തിലും ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കുറിച്ച്യ വിഭാഗ ത്തില്‍പ്പെട്ട ഇന്നത്തെ തലമുറയിലെ ചില ആളുകള്‍ അവരുടെ പരമ്പരാഗത രീതികള്‍ തുടര്‍ന്നു കൊണ്ടുപോകുവാന്‍ വിമുഖത കാണിക്കുന്നു.
നൂറിലധികം കുറിച്യ തറവാടുകളുണ്ടായിരുന്ന വയനാട്ടില്‍ ഇപ്പോള്‍ 57 കുടുംബങ്ങളാണുള്ളത്.
എല്ലാം തറവാട്ടിലെ (കുടുംബം ) പെൺകുട്ടികളെ കല്യാണം കഴിക്കാൻ പറ്റില്ല, കുടുംബം നോക്കിയാണ് അവർ വിവാഹം നിച്ഛയിക്കുന്നത്.56 കുടുംബങ്ങളിലും പകുതിയും ആങ്ങളയും പെങ്ങളുമാരായാണ് കുറിച്യർ കരുതുന്നത്.
ആങ്ങളും പെങ്ങളും കല്യാണം കഴിച്ചാൽ തറവാട്ടിൽ നിന്നും പുറത്താക്കുന്ന ആചാരം കുറിച്യർക്കുണ്ട്,
വയനാട്ടിൽ മാനന്തവാടി താലൂക്കിലാണ് കുറിച്യർ കൂടുതലായുമുള്ളത്,
മലയാളത്തോട് വളരെ അടുപ്പമുള്ളതാണ് ഇവരുടെ ഭാഷ. ഇവരി ൽ ഏറെ ആളുകളും സ്വന്തം ഭാഷ മറന്നിരിക്കുന്നു എന്നു പറയാം. സ്വന്തം ഭാഷ മറന്ന ഈ സമൂഹം ഇന്ന് പ്രതിനിധാനം ചെയ്യുന്നത് സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലുണ്ടായ പരിണതിയുടെ ഫലമാണ് .
കുറിച്യർ സംസാരിക്കുന്നത് മലയാളമാണെങ്കിലും പ്രത്യേക ഈണത്തിൽ നീട്ടിക്കുറിച്ചുള്ള ഒരു രീതിയാണ് ഇവർ ഉപയോഗിക്കുന്നത്. മറ്റ് ആദിവാസി വിഭാഗങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇവർ മുൻപന്തിയിലാണ്. ഹൈസ്‌കൂൾ വിദ്യാഭ്യാസമെങ്കിലും ഇല്ലാത്തവർ കുറിച്യർക്കിടയിൽ ഇപ്പോൾ കുറവാണ്. സർക്കാർ സർവ്വീസിൽ ജോലിയുള്ളവർ ഏറെയുണ്ട് കുറിച്യർക്കിടയിൽ.കേരളത്തിലെ ആദ്യത്തെ പിന്നോക്ക സമുദായത്തിലെ മന്ത്രി, PK ജയലക്ഷ്മികുറിച്യ സമുദായത്തിൽ പെട്ടവരായിരുന്നു.Ic ബാലകൃഷ്‌ണൻ MLA , OR കേളു MLA എന്നിവർ ബത്തേരി, മാനന്തവാടി താലൂക്കിലെ ഇപ്പോഴത്തെ MLA മരാണ്. ഇവരും കുറിച്യ സമുദായത്തിൽ പെട്ടവരാണ്.2018 സിവിൽ സർവീസ് പരീക്ഷയിൽ 410 റാങ്ക് വാങ്ങി കേരളത്തിലെ ആദ്യ ട്രൈബൽ വുമൺ പട്ടം നേടിയത് ശ്രീധന്യ സുരേഷ് IAS കുറിച്യ സമുദായത്തിനും മറ്റുള്ളവർക്കും പ്രചോദനമായി തീർന്നു.
കുറിച്യർക്ക് ആയുർവേദ പച്ചമരുന്നുകളെപറ്റിയും ഒറ്റമൂലികളെപറ്റിയും അറിവുള്ളവർ ധാരാളമുണ്ട്.
കുറിച്ച്യരുടെ വാക്കുകളും അർത്ഥങ്ങളും.
അക്ക - ഏട്ടത്തി
അങ്ങ് - അവിടെ
അങ്ങ് ദീരത്ത് - വളരെ ദൂരത്ത്
അടക്കകിരി - അടയ്ക്കാപക്ഷി
അണ്ണക്കൊട്ടൻ - അണ്ണാൻ
അത്തായം - അത്താഴം
അന്നം - മൈന
അയ് ന് - അത്
അരിക്കത്തി - അരിവാൾ
അരിക്കല്ല് - ആലിപ്പഴം
അരിക്കുമ്മായം - ഉപ്പുകൂണ്
അറിമ്പാറ – അമ്മിക്കല്ല്
ആപ്പൻ - ഇളയച്ചൻ
ആല – തൊഴുത്ത്
ഇങ്ങോട്ട് വാ - ഇവിടെ വരിക
ഇല്ലട്ടക്കരി- മച്ചിൽ പുക പറ്റിപ്പിടിച്ചുണ്ടാകുന്ന കരി
ഇവന്ത് - അവന്റെ
ഇവളത് - അവളുടെ
ഈങ്ങക്കായ് - ഇഞ്ചക്കായ്
ഉണ്ണിക്കാമ്പ് - വാഴപ്പിണ്ടി
ഉപ്പേരിക്കറി - തോരൻകറി
ഉമ്മാള് ദിവസം കഴിഞ്ഞിട്ട് - ദിവസങ്ങൾക്ക് ശേഷം
ഉമ്മാള്- ദിവസങ്ങൾക്ക് മുമ്പ്
ഉമ്മിയുറുമ്പ് - നെയ്യുറുമ്പ്
ഉറായെ - എട്ടുകാലി
ഉറുമാങ്കായ് - പേരയ്ക്ക
ഊടെ -ഇവിട
ഊടെത്തന്നെ - അടുത്ത്
എന്താകുന്നു - എന്തു ചെയ്യുന്നു?
എരക്കോട് - നെല്ലുകുത്തുന്ന പുര
എറപ്പ – കന്നുകാലികളുടെ കഴുത്തിൽ കെട്ടുന്ന ഒരു മര ഉപകരണം
എറ്ക്ക് - ഉറുമ്പ്
എല – ഇല
എലക്ക - ഉലക്ക
എലുമ്പ – കഴുകുക
ഏക്ക് - എനിക്ക്
ഏച്ച് ല് - വെട്ടിമരം
ഏണിക്ക് - എഴുന്നേൽക്കുക
ഏരുകെട്ട് - നിലമുഴൽ
ഏര് - കാള
ഒണങ്ങിയെല – ചപ്പുചവറുകൾ (വേസ്റ്റ്)
ഒയ് ക്കു്ക – വെള്ളം ഒഴിക്കുക
ഒറക്കം -ഉറക്കം
ഓടെ - എവിടെ
കങ്ങ്മ്പാള – കവുങ്ങിൻപാള
കടച്ചക്ക – പൈനാപ്പിൾ
കടച്ചൽ – കടച്ചിൽ, വേദന
കടച്ചല് – വേദന
കണ്ടം - വയൽ
കണ്ടച്ചക്ക – ഇടിച്ചക്ക (ചെറുചക്ക)
കണ്ണഞ്ചേരി - ബുൾബുൾ പക്ഷി
കൻമെൻ - കല്ലേമുട്ടി (ഒരിനം മീൻ)
കപ്പിലാണ്ടി - കശുമാങ്ങ
കയ്പ – പാവയ്ക്ക
കയ്പ്പക്ക - പാവക്ക
കരള് - നെഞ്ച്
കറപ്പ - കറുവ (എടന)
കറുമൂസ് - പപ്പായ
കല്യാണചെക്കൻ - വരൻ
കല്യാണത്തി - വധു
കളളി - ഇല്ലിക്കൂമ്പ്
കള് വ് - കഴുക്കോൽ
കാട്ടി - കാട്ടുപോത്ത്
കായൽ - മുള
കാരക്കുണ്ട് - ഉണ്ണിയപ്പം
കാറ്റ് - വായു
കാലിചോള - കവളംകാളി(ഒരുപക്ഷി)
കിരി - തൂക്കനാം കുരുവി, ആറ്റക്കിളി
കിര് - കുരു, വിത്ത്
കുടുക്ക – മൺകലം
കുടുക്കചുള്ള – പച്ചനിറമുള്ള വലിയ കൊക്കുള്ള പക്ഷി
കുട്ടി - തീരെ ചെറിയ കുട്ടി
കുട്ടിപ്പാർപ്പ – കടുമുടുങ്ങ, കാക്കച്ചപ്പ്
കുമ്മായം - കൂണ്
കൂമൻ - മൂങ്ങ
കൂളി - പ്രേതം
കെച്ച – കൊക്ക് (കൊക്കു പക്ഷി)
കെനിയാണം - കല്യാണം
കെരയ് - കരച്ചിൽ
കെരള് - കഴുത്ത്
കേര – മീൻ കോരാൻ ഉപയോഗിക്കുന്ന ഉപകരണം
കൈയില് - തവി
കൈയ്യെലുമ്പ - കൈകഴുകുക
കൊടല് - കുടൽ
കൊട്ട – കുട്ട
കൊമ്പൻ - മുയൽ
കൊമ്മ – സദ്യയ്ക്കും മറ്റും അരികഴുകാൻ ഉപയോഗിക്കുന്ന കുട്ട
കൊവ് - കഴുകൻ
കോയി - കോഴി
ക്ലാസ് - ഗ്ലാസ്
ചക്കക്കിര് - ചക്കക്കുരു
ചടയ്ക്കുംബട്ടി - മരവാഴ
ചളി – ചെളി
ചിമ്മിണി - മണ്ണെണ്ണ
ചിരി - ചുണ്ട്
ചീക്ക് - ചീപ്പ്
ചീരപറിങ്കി - കാന്താരിമുളക്
ചീരാപ്പ് – ജലദോഷം
ചീല് - ചൂല്
ചെക്കൻ - ചെറുപ്പക്കാർ
ചെപ്പടം - ചെമ്പുകുടം
ചെറവ - ചെരവ
ചേട്ടൻ -അണ്ണൻ
ചേര – ചോര
ചേറപ്പാമ്പ് - ചേരപ്പാമ്പ്
ചേല് – തോൾ
ചൊടി വരത് - ദേഷ്യം വരുന്നു
ചൊമര് - ഭിത്തി
ഞറമ്പ് - ഞരമ്പ്
ഞെണ്ട് - ഞണ്ട്
ഞേഞ്ഞല് - കലപ്പ
ഞൗരി - ഞൗരിപ്പലക (വയൽ നിരപ്പാക്കാൻ ഉപയോഗിക്കുന്നു)
തക്കുക – അടിക്കുക
തടിയൻമീന് - വലിയമീൻ
തമ്മന്തി - ചമ്മന്തി
തല ഈര– തലചീകുക
തലകെട്ടുക – മുടികെട്ടുക
തലനാറ് - തലമുടി
താക്കോൽ - താഴ്
താള് - ചേമ്പ്
തിന്ന് – തിന്നുക
തുമ്പ – നെല്ലു സൂക്ഷിക്കാൻ മുള കൊണ്ടു നിർമ്മിക്കുന്ന വലിയ കൂട
തുള്ളിക്കുത്തിരിക്ക്യ – ഇരിക്കുക, കുന്തംകാലിൽ ഇരിക്കുക
തൂമ്പ - കൈക്കോട്ട്
തെരിക – ചുമ്മാട് (പുല്ലു കൊണ്ട് നിർമ്മിക്കുന്നത്)
തെരിക –കലംവെക്കാനായി മുളകൊണ്ട്നിർമ്മിക്കുന്ന ഉപകരണം
തോടൻ - വട്ടോൻ(ഒരിനം മത്സ്യം)
തോല് - തോൽ, ത്വക്ക്
തോള - കക്ഷം
ദായിക്ക്ന്നത - ദാഹം
ദീരത്ത്- ദൂരത്ത്
ധായിലെ - രാവിലെ
ധാവ് - രാത്രി, അന്തി
നങ്ങള് – ഞങ്ങൾക
നാരങ്ങ – ഓറഞ്ച്
നാവ് - നാക്ക്
നൂറക്കേങ്ങ് - നൂറക്കിഴങ്ങ് (ഭക്ഷിക്കാൻ ഉപയോഗിക്കുന്നു)
നെനയ്ക്കുക – തുണി അലക്കുക
നെരി - കടുവ
നൊകം - നുകം
നോക്ക് - നോക്കുക
പച്ചക്കാപ്പി - മധുരമില്ലാത്ത കാപ്പി
പച്ചബെള്ള – പച്ചവെള്ളം
പടഞ്ചക്ക - കൂഴച്ചക്ക
പടോലം - പടവലം
പരള് - ചെറിയ ഒരിനം മീൻ
പറങ്കി - മുളക്
പാപ്പൻ - ഇളയച്ചൻ
പായ്ക – ഓടുക
പാറ്റ - പൂമ്പാറ്റ
പാൽചൊരം - പാദസരം
പിട്ട് - പുട്ട്
പിയ്ക്ക് - പുഴുക്ക്
പിറ്റ് - പുറ്റ്
പിറ്റ് കൂണ് -പെരുങ്കൂണ്
പിലാവ് - പ്ലാവ്
പില്ല് - വൈക്കോൽ
പീച്ചത്തി - പിശ്ശാത്തി
പീടിയ - അങ്ങാടി, കട
പുള്ള് - പക്ഷി
പുവുത്തടക്ക – പഴുത്ത അടക്ക
പൂള – കപ്പ
പൂളപെയയ്ക്ക് - കപ്പപ്പുഴുക്ക്
പെടച്ചി - പിടക്കോഴി
പെരപൊതയ്ക്ക്യ – പുരമേയുക
പേയ – പുഴ
പേറ് - പയർ
പൈക്കുട്ടി - പശുക്കുട്ടി
പൈയ്യ് - പശു
പൊകല – പുകയില
പൊത്ത് - മാളം
പോക്കാളെ - കാട്ടുപൂച്ച
പോന്ന് - പോകുക
പൗത്ത്കൊല – വാഴപ്പഴം
പ്രാക് - പ്രാവ്
ബന്ന് - വന്നു
ബരിക്ക ചക്ക – വരിക്ക ചക്ക
ബാക്കത്തി - വെട്ടുകത്.
Email: ajaykrvalad@gmail.com
Instagram: ajayvalad
Comments
Post a Comment